Thursday 27 August 2009

ഒത്തിരിയെന്തൊക്കെയോ ഇപ്പോഴും ബാക്കിനിൽക്കുന്നു….

ഇപ്പോഴും
ഒരുമിച്ചു പറക്കുന്ന
രണ്ടു ശലഭങ്ങളെ കാണുമ്പോൾ
നിന്നെയാണോർമ്മ വരിക.
വഴിവക്കിൽ വാശിപിടിക്കുന്നൊരു
പെൺകുഞ്ഞിനെക്കണ്ടാൽ
നമ്മളെയാണോർമ്മ വരിക.
ഒരു ചുവന്ന പനിനീർപ്പൂവു കണ്ടാൽ
നിന്റെ കലങ്ങിയ കണ്ണുകൾ…
ഒരു വാടിയ മുല്ലപ്പൂവു കണ്ടാൽ
കുറേ മങ്ങിയ ചിത്രങ്ങൾ…
ഓർമ്മകൾ മാത്രം
ഒരിക്കലും നശിക്കാത്തതെന്തേ?



***************************************


നിന്നിൽ നിന്നടർത്തി
മാറ്റപ്പെടുമ്പോൾ
ഞാനൊരിലയാവുകയാണ്.
നിന്റെ മടിയിലേയ്ക്കു
കൊഴിഞ്ഞു വീഴാൻ കൊതിച്ചിട്ടും
കാറ്റിന്റെ കൈയിൽ പെട്ട്
കരയിൽ നിന്നകന്നു
പൊയ്ക്കൊണ്ടിരിക്കുന്നൊരില.
പച്ച നിറം വാർന്നു പോയി
ചുവപ്പിറ്റുന്നതു കൊണ്ട്
തിരിച്ചു പോവാനാവാതെ,
എവിടേയ്ക്കോ തിരക്കിട്ട്
പറന്നു കൊണ്ടേയിരിക്കുന്നൊരില.



********************************************




ഒരു കറുത്ത പൂച്ച
മരണം കൊതിപ്പിച്ച്
വെറുതേ നടന്നു നീങ്ങി.
ഒരു ചിതയുടെയഗ്നി
ജീവിതം കരിച്ച്
പതുക്കെയെരിഞ്ഞടങ്ങി.
ഒരു മരുപ്പച്ച
വേരുകളിലൂടെയിറങ്ങി
മണ്ണിലലിഞ്ഞു ചേർന്നു.
ഇനിയുറങ്ങണം…
സ്വസ്ഥമായുറങ്ങണം.


******************************************

3 comments:

ശക്തന്‍ said...

ഭാവനാ സമ്പുഷ്ട്ടമാണു വരികള്‍..........
ആശയങ്ങള്‍ക്ക് വിവിധത്വം ഉണ്ടു.....

വികടശിരോമണി said...

എഴുതാതിരിക്കാനാവത്തപ്പോഴാണ് എഴുതുന്നതെന്നു പ്രൊഫൈലിൽ കണ്ടു.
വായിച്ചപ്പോൾ അതു ബോധ്യമാവുകയും ചെയ്ത്തു.
ആ‍ശംസകൾ.

സന്തോഷ്‌ പല്ലശ്ശന said...

സത്യം പറയാല്ലൊ എനിക്കിഷ്ടായി..... എല്ലാ കവിതകളും.