Thursday 27 August 2009

എങ്കിലും

ശരീരത്തിൽ വേദനകൾ
കൊത്തി വലിക്കുമ്പോൾ,
ഉയർന്നും താഴ്ന്നും
വലിഞ്ഞും കരഞ്ഞും
ശ്വാസകോശങ്ങൾ ഒരല്പം
വായുവിനായി യാചിക്കുമ്പോൾ,
കവിതകളിൽ നിന്നും
കവിതകളിലേയ്ക്കുള്ള ദൂരം
മിഥ്യയായി തുടരുന്നു.
ചുറ്റും വിശപ്പു തടവി
ചിരിച്ചിരിക്കുന്ന കുഞ്ഞുങ്ങൾ
പ്രണയം തലയ്ക്കു പിടിച്ച്
മരിക്കാൻ കൊതിക്കുന്നവരെ നോക്കി
അലറിച്ചിരിക്കുന്നു.
പതിയെ ആ ചിരികളുടെ ഓളങ്ങൾ
കടലായി ജീവനെ മുക്കിക്കൊല്ലുന്നു.
എങ്കിലും………….

കാട്ടു ചെമ്പകം.

വിരൽ തൊട്ടറിയുന്നു
നെരിപ്പോടുകളിൽ
ഉറയുന്ന നോവിന്റെ
കാട്ടു ചെമ്പകം.

ഒത്തിരിയെന്തൊക്കെയോ ഇപ്പോഴും ബാക്കിനിൽക്കുന്നു….

ഇപ്പോഴും
ഒരുമിച്ചു പറക്കുന്ന
രണ്ടു ശലഭങ്ങളെ കാണുമ്പോൾ
നിന്നെയാണോർമ്മ വരിക.
വഴിവക്കിൽ വാശിപിടിക്കുന്നൊരു
പെൺകുഞ്ഞിനെക്കണ്ടാൽ
നമ്മളെയാണോർമ്മ വരിക.
ഒരു ചുവന്ന പനിനീർപ്പൂവു കണ്ടാൽ
നിന്റെ കലങ്ങിയ കണ്ണുകൾ…
ഒരു വാടിയ മുല്ലപ്പൂവു കണ്ടാൽ
കുറേ മങ്ങിയ ചിത്രങ്ങൾ…
ഓർമ്മകൾ മാത്രം
ഒരിക്കലും നശിക്കാത്തതെന്തേ?



***************************************


നിന്നിൽ നിന്നടർത്തി
മാറ്റപ്പെടുമ്പോൾ
ഞാനൊരിലയാവുകയാണ്.
നിന്റെ മടിയിലേയ്ക്കു
കൊഴിഞ്ഞു വീഴാൻ കൊതിച്ചിട്ടും
കാറ്റിന്റെ കൈയിൽ പെട്ട്
കരയിൽ നിന്നകന്നു
പൊയ്ക്കൊണ്ടിരിക്കുന്നൊരില.
പച്ച നിറം വാർന്നു പോയി
ചുവപ്പിറ്റുന്നതു കൊണ്ട്
തിരിച്ചു പോവാനാവാതെ,
എവിടേയ്ക്കോ തിരക്കിട്ട്
പറന്നു കൊണ്ടേയിരിക്കുന്നൊരില.



********************************************




ഒരു കറുത്ത പൂച്ച
മരണം കൊതിപ്പിച്ച്
വെറുതേ നടന്നു നീങ്ങി.
ഒരു ചിതയുടെയഗ്നി
ജീവിതം കരിച്ച്
പതുക്കെയെരിഞ്ഞടങ്ങി.
ഒരു മരുപ്പച്ച
വേരുകളിലൂടെയിറങ്ങി
മണ്ണിലലിഞ്ഞു ചേർന്നു.
ഇനിയുറങ്ങണം…
സ്വസ്ഥമായുറങ്ങണം.


******************************************

Sunday 12 July 2009

മരണത്തിന്റെ മുഖം


എഴുതിയും എഴുതാതെയും
പറഞ്ഞും പറയാതെയും
മനസ്സിൽ കൊണ്ടു നടന്ന
കവിതകളെല്ലാം
നിനക്കു വേണ്ടിയുള്ളതായിരുന്നു.

നീയറിഞ്ഞും അറിയാതെയും
കണ്ടും കാണാതെയും
നിന്റെ ചുറ്റും പറന്നു നടന്ന്
അവയെന്നിലേയ്ക്ക്
തിരികെ വരുമായിരുന്നു.
എന്റെ കടലിൽ ഓളങ്ങളുണ്ടാക്കിയിറങ്ങി
അവയെന്നും നിന്നെ
എന്നിലേയ്ക്കെത്തിയ്ക്കുമായിരുന്നു.

ഇപ്പോൾ,
നീയും ഞാനുമില്ലാത്ത കരയിൽ
അവർ ശ്വാസം മുട്ടി മരിക്കുന്നു.
ഒരിറക്ക് വെള്ളം കൊടുക്കാൻ
എനിയ്ക്കാവുന്നില്ല;
“നിനക്കോ”എന്നു ചോദിക്കാൻ
എനിയ്ക്കിന്നൊരു നാവുമില്ല.

എന്നിൽ നിന്നും മുറിച്ചുമാറ്റപ്പെട്ട
നിഴലിന്റെയോർമ്മകളിൽ,
ചേർത്തു വച്ച സ്വപ്നങ്ങൾ കരിയുന്നു;
പിറവി കാത്തിരുന്ന കവിതകൾ
കത്തിയമരുന്നു.

ഇതു തന്നെയല്ലേ മരണം?
അതോ മരണത്തിന്
വേറെയും മുഖങ്ങളുണ്ടോ?

( image from google)

Saturday 20 June 2009

മകൾക്ക്


നിന്റെ പതിഞ്ഞ കൊഞ്ചലുകൾ
എനിക്കുള്ളിൽ മിടിക്കുന്നുണ്ട്;
നിന്റെയിടറുന്ന വഴികളുടെ യാത്ര
എന്റെ ഹൃദയത്തിലൂടെ മാത്രം.
നിന്റെ കണ്ണുകളിലെയമ്പരപ്പ്
തുഴഞ്ഞുമടുത്ത വഞ്ചിക്കാരന്റെ
ഇഴയുന്ന മൂളിപ്പാട്ടു പോലെ
എന്നെ പ്രതീക്ഷയിലേയ്ക്ക്
വലിച്ചിടുന്നു,
ശേഷം, എല്ലാമറിഞ്ഞെന്ന പോലെ
നിന്റെ പൊട്ടിച്ചിരികൾ…

നിന്റെ കുഞ്ഞുകൈകളുടെ
പതുപതുത്ത നിഷ്കളങ്കത
ചുവപ്പിറ്റുന്നയീ കണ്ണുകളിൽ
ഉണരുന്നു, വീണുടയുന്നു.
രാത്രിമേഘങ്ങൾക്കിടയിലെങ്ങോ
സ്വപ്നങ്ങളോടു കൂട്ടുചേർന്ന്
നീയൊളിച്ചു കളിക്കുമ്പോഴെല്ലാം
അറിഞ്ഞുമറിയാതെയും
ഞാൻ നിനക്കു കാവലിരിക്കുകയാണ്;
എന്റെ വിരലുകൾ കടന്നു
നീയോടി മറയാതിരിക്കാൻ
ഞാനുറങ്ങാതിരിക്കുകയാണ്…
( images from google)