Sunday 12 July 2009

മരണത്തിന്റെ മുഖം


എഴുതിയും എഴുതാതെയും
പറഞ്ഞും പറയാതെയും
മനസ്സിൽ കൊണ്ടു നടന്ന
കവിതകളെല്ലാം
നിനക്കു വേണ്ടിയുള്ളതായിരുന്നു.

നീയറിഞ്ഞും അറിയാതെയും
കണ്ടും കാണാതെയും
നിന്റെ ചുറ്റും പറന്നു നടന്ന്
അവയെന്നിലേയ്ക്ക്
തിരികെ വരുമായിരുന്നു.
എന്റെ കടലിൽ ഓളങ്ങളുണ്ടാക്കിയിറങ്ങി
അവയെന്നും നിന്നെ
എന്നിലേയ്ക്കെത്തിയ്ക്കുമായിരുന്നു.

ഇപ്പോൾ,
നീയും ഞാനുമില്ലാത്ത കരയിൽ
അവർ ശ്വാസം മുട്ടി മരിക്കുന്നു.
ഒരിറക്ക് വെള്ളം കൊടുക്കാൻ
എനിയ്ക്കാവുന്നില്ല;
“നിനക്കോ”എന്നു ചോദിക്കാൻ
എനിയ്ക്കിന്നൊരു നാവുമില്ല.

എന്നിൽ നിന്നും മുറിച്ചുമാറ്റപ്പെട്ട
നിഴലിന്റെയോർമ്മകളിൽ,
ചേർത്തു വച്ച സ്വപ്നങ്ങൾ കരിയുന്നു;
പിറവി കാത്തിരുന്ന കവിതകൾ
കത്തിയമരുന്നു.

ഇതു തന്നെയല്ലേ മരണം?
അതോ മരണത്തിന്
വേറെയും മുഖങ്ങളുണ്ടോ?

( image from google)

4 comments:

അരുണ്‍ കരിമുട്ടം said...

കൊള്ളാം നല്ല ഭാവന:)

കൂട്ടുകാരൻ said...

ഇതെന്താ എല്ലാവരും കിട്ടാത്ത മരണത്തെ പറ്റി മാത്രം എഴുതുന്നെ.കയ്യിലുള്ള ജീവിതത്തെ കുറിച്ച് ആരും കവിത പോയിട്ട് കമാ എന്ന് പോലും പറയുന്നില്ലല്ലോ...അടുത്തതായി ജീവിതത്തെ പറ്റി ഒരെണ്ണംകാച്ചൂ.

സബിതാബാല said...

ഉത്തരം കിട്ടാത്ത ചിതലരിച്ച ചോദ്യങ്ങള്‍ക്ക് നടുവില്‍
ഒരു പുതിയ ചോദ്യ ചിഹ്നം പോലെ ഞാനുയരുന്നു...

അച്ചു said...

അരുൺ, കൂട്ടുകാരൻ, സബിത...