Saturday 20 June 2009

മകൾക്ക്


നിന്റെ പതിഞ്ഞ കൊഞ്ചലുകൾ
എനിക്കുള്ളിൽ മിടിക്കുന്നുണ്ട്;
നിന്റെയിടറുന്ന വഴികളുടെ യാത്ര
എന്റെ ഹൃദയത്തിലൂടെ മാത്രം.
നിന്റെ കണ്ണുകളിലെയമ്പരപ്പ്
തുഴഞ്ഞുമടുത്ത വഞ്ചിക്കാരന്റെ
ഇഴയുന്ന മൂളിപ്പാട്ടു പോലെ
എന്നെ പ്രതീക്ഷയിലേയ്ക്ക്
വലിച്ചിടുന്നു,
ശേഷം, എല്ലാമറിഞ്ഞെന്ന പോലെ
നിന്റെ പൊട്ടിച്ചിരികൾ…

നിന്റെ കുഞ്ഞുകൈകളുടെ
പതുപതുത്ത നിഷ്കളങ്കത
ചുവപ്പിറ്റുന്നയീ കണ്ണുകളിൽ
ഉണരുന്നു, വീണുടയുന്നു.
രാത്രിമേഘങ്ങൾക്കിടയിലെങ്ങോ
സ്വപ്നങ്ങളോടു കൂട്ടുചേർന്ന്
നീയൊളിച്ചു കളിക്കുമ്പോഴെല്ലാം
അറിഞ്ഞുമറിയാതെയും
ഞാൻ നിനക്കു കാവലിരിക്കുകയാണ്;
എന്റെ വിരലുകൾ കടന്നു
നീയോടി മറയാതിരിക്കാൻ
ഞാനുറങ്ങാതിരിക്കുകയാണ്…
( images from google)

Monday 8 June 2009

എന്നിലൂടെ

ഉള്ളിലേയ്ക്കുള്ളിലേയ്ക്കു നോക്കുമ്പോഴൊക്കെ
ഒരു വിളക്കണയുന്നു.
എവിടെയൊക്കെയോ ഉണ്ടായിരുന്നു
എന്നു കരുതിയ ഞാൻ
ഇപ്പോഴവിടെങ്ങുമില്ല.
ഇഴഞ്ഞിഴഞ്ഞു പുറത്തിറങ്ങുമ്പോൾ
കാത്തിരിക്കാനവരൊക്കെയുണ്ട്.
പൂത്തു നിൽക്കുന്ന വാകത്തണലിൽ
കടിയ്ക്കില്ലെന്നുറപ്പു പറഞ്ഞിട്ട്
ഒരു ചേര വീടു വച്ചിട്ടുണ്ട്.
രാത്രി പുലരുമ്പോഴൊക്കെ കാണാറുണ്ട്
ആ വീടിനു ചുറ്റും ചോരപ്പാടുകൾ.

പുറത്തേയ്ക്കു പുറത്തേയ്ക്കു നോക്കുമ്പോൾ
താഴ്വരകൾക്കു മുകളിലൊക്കെ മഞ്ഞുണ്ട്,
അതിനും താഴെ മരണം പൂക്കുന്നുണ്ട്.
ഇടയിലെത്തുരുത്തിൽ കടലാസു പൂക്കൾ
വരാനിരിക്കുന്ന വസന്തത്തെ കൊതിച്ചും ഭയന്നും
വിടർന്നും കൊഴിഞ്ഞും, പറന്നും മറന്നും….

വിടവുകളില്ലാതെ കയറിപ്പോകുന്ന പാളങ്ങളിൽ
ജീവിതം തടവിലിടുന്നവർ ഓർമ്മിക്കണം-
മിഥ്യയല്ലാത്ത വഴികളില്ലെന്ന്,
ചെന്നെത്താൻ കഴിയുന്ന ഒരു ലക്ഷ്യവുമില്ലെന്ന്.

ഉള്ളിലേയ്ക്കും പുറത്തേയ്ക്കും നോക്കാതെ
ഉറങ്ങിക്കിടക്കുമ്പോഴാണ്
ഞാൻ ജീവിച്ചിരിക്കുന്നുവെന്നറിയുന്നത്,
എനിക്കെന്നെ കാണാൻ പറ്റുന്നത്;
മറ്റുള്ളവർക്കും.

Inspirational

“There is an eye that never sleeps
Beneath the wing of night.
There is an ear that never shuts
When sink the beams of light.
There is an arm that never tires
When human strengths give away.
There is a love that never fails
When earthy loves decay.”

This is a poem by an anonymous author. But this was my favourite when I was small. When u feel that your world is empty, this will remind you of a world of God and angels, which will never be emptied of love and care. For Him, each and every being is precious.

Saturday 6 June 2009

ഉയരങ്ങളിൽ

കരുതലോടെയിരുന്നാലും കാറ്റടിക്കും
മേൽക്കൂരകൾ അപ്പൂപ്പൻ താടികളായി
ഉയരത്തിലേയ്ക്കുയരത്തിലേയ്ക്കു പറക്കും.
തെളിച്ചവും നിലാവും ഇരുട്ടും
പരസ്പരം മത്സരിച്ചുകൊണ്ടിരിക്കും,
തുറന്നു വച്ച ഒറ്റ മുറിയിലേയ്ക്കിറങ്ങാൻ.
അനാഥത്വത്തിന്റെ ഒടിഞ്ഞ ചിറകിനു
മഴത്തുള്ളികൾ പോലും നോവു നൽകും.
സ്നേഹത്തിന്റെ തിളക്കം തുടിയ്ക്കുന്ന
ഒരു നക്ഷത്രത്തുണ്ടിനും,
അടർന്നു പോയ ചിറകിന്റെയും
പറന്നു പോയ മേൽക്കൂരകളുടെയും
പ്രവചനങ്ങൾക്കൊപ്പമെത്താനാവില്ല;
അതിനെക്കാൾ വിശുദ്ധി നേടാനാവില്ല.