ഉള്ളിലേയ്ക്കുള്ളിലേയ്ക്കു നോക്കുമ്പോഴൊക്കെ
ഒരു വിളക്കണയുന്നു.
എവിടെയൊക്കെയോ ഉണ്ടായിരുന്നു
എന്നു കരുതിയ ഞാൻ
ഇപ്പോഴവിടെങ്ങുമില്ല.
ഇഴഞ്ഞിഴഞ്ഞു പുറത്തിറങ്ങുമ്പോൾ
കാത്തിരിക്കാനവരൊക്കെയുണ്ട്.
പൂത്തു നിൽക്കുന്ന വാകത്തണലിൽ
കടിയ്ക്കില്ലെന്നുറപ്പു പറഞ്ഞിട്ട്
ഒരു ചേര വീടു വച്ചിട്ടുണ്ട്.
രാത്രി പുലരുമ്പോഴൊക്കെ കാണാറുണ്ട്
ആ വീടിനു ചുറ്റും ചോരപ്പാടുകൾ.
പുറത്തേയ്ക്കു പുറത്തേയ്ക്കു നോക്കുമ്പോൾ
താഴ്വരകൾക്കു മുകളിലൊക്കെ മഞ്ഞുണ്ട്,
അതിനും താഴെ മരണം പൂക്കുന്നുണ്ട്.
ഇടയിലെത്തുരുത്തിൽ കടലാസു പൂക്കൾ
വരാനിരിക്കുന്ന വസന്തത്തെ കൊതിച്ചും ഭയന്നും
വിടർന്നും കൊഴിഞ്ഞും, പറന്നും മറന്നും….
വിടവുകളില്ലാതെ കയറിപ്പോകുന്ന പാളങ്ങളിൽ
ജീവിതം തടവിലിടുന്നവർ ഓർമ്മിക്കണം-
മിഥ്യയല്ലാത്ത വഴികളില്ലെന്ന്,
ചെന്നെത്താൻ കഴിയുന്ന ഒരു ലക്ഷ്യവുമില്ലെന്ന്.
ഉള്ളിലേയ്ക്കും പുറത്തേയ്ക്കും നോക്കാതെ
ഉറങ്ങിക്കിടക്കുമ്പോഴാണ്
ഞാൻ ജീവിച്ചിരിക്കുന്നുവെന്നറിയുന്നത്,
എനിക്കെന്നെ കാണാൻ പറ്റുന്നത്;
മറ്റുള്ളവർക്കും.
3 comments:
അച്ചു, നന്നായിരിക്കുന്നു
ചിന്ത അഗ്രിഗേറ്ററില്‍ ഇത് ലിസ്റ്റ് ചെയ്യുന്നില്ലേ?
നന്നായിരിക്കുന്നു.
അച്ചു എനിക്ക് വരികള്‍ ഇഷ്ട്ടപെട്ടു.സ്ഥായി ഭാവം ദുക്കമാണ് . നമുക്കത് മറക്കാം അല്ലെ നല്ല വരികള്‍ വീണ്ടും ഏഴു തൂ . ആസംസകള്‍
Post a Comment